തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടിയിൽ വോട്ടർമാർ ഒഴിവാകുന്നത് തടയാനായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്കുകൾ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ള ഒരു വോട്ടർ പോലും പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ പ്രധാനമാണ്.
ഇത് ഉറപ്പാക്കുകയെന്നത് സർക്കാരിനുമുള്ള ഉത്തരവാദിത്വമാണ്. അതിനാൽ കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കും. വില്ലേജ് ഓഫീസിൽ സൗകര്യമില്ലെങ്കിൽ അടുത്ത സർക്കാർ ഓഫീസിൽ സൗകര്യമൊരുക്കും.
ഹെൽപ്പ് ഡെസ്കുകളിൽ ജനങ്ങൾക്ക് ആവശ്യമായ സഹായ നിർദേശങ്ങൾ നൽകുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താത്കാലിക ജോലി ക്രമീകരണ വ്യവസ്ഥയിൽ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനം ഒരുക്കാൻ അതത് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.